
ഒരു ചെറിയ കുഞ്ഞായി നാട്ടില്‍ നിന്നു തിരിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല.ഇനി ഒരു തിരിച്ചുപോക്കുണ്ടാവില്ലെന്നു്
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു് ഞാന്‍ കാറിലിരുന്നു് വിങ്ങി.രണ്ടു ദിവസത്തെ യാത്ര എന്നെ ക്ഷീണിപ്പിച്ചിരുന്നു.
പിറ്റേ ദിവസം ഞാന്‍ പൂന്തോട്ടത്തിനരികത്തു് വളരാന്‍ തുടങ്ങി. ഉറ്റവരേയും ഉടയവരെ ആരേയും കാണാതെ ഞാന്‍ മറ്റൊരു ഞാനായി മാറിക്കൊണ്ടിരുന്നു

ഒറ്റയ്ക്കു നിന്നു് ഞാനെന്‍റെ അച്ഛനമ്മമാരേ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.
ഞാന്‍ വളരുകയായിരുന്നു.ഒരു പ്രവാസിയുടെ നൊമ്പരങ്ങളുമായി ഞാന്‍ വളരുകയായിരുന്നു.

പ്രകൃതി എന്നിലും മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി.

ഞാനൊരു മനോഹരിയായി മാറുംപോഴും മനസ്സൊരു നെരിപ്പോടാവുകയായിരുന്നു.
എന്‍റെ ആത്മാവെനിക്കു നഷ്ടപ്പെടുന്നതറിയാന്‍ തുടങ്ങി.

എന്‍റെ മനോഹര ദൃശ്യങ്ങളില്‍ നോക്കി ഞാന്‍ നെടുവീര്‍പ്പിടുന്നതു് മറ്റാരും കണ്ടില്ല.

ഞാന്‍ എന്‍റെ സാഫല്യം തലയില്‍ വഹിച്ചപ്പോള്‍ എനിക്കറിയാമായിരുന്നു,
ഈ ജന്മസാഫല്യം എന്‍റെ മരണമൊഴിയാണെന്നു്.

ഞാന്‍ വെറുതേ ചിരിക്കാന്‍ ശ്രമിച്ചു.

എന്നിലെ മഞ്ഞ നിറം എന്‍റെ മരണ നിറമാണെന്നറിഞ്ഞു ഞാന്‍ കണ്ണുനീര്‍ പൊഴിച്ചതും ആരുമറിഞ്ഞില്ല.

എന്‍റെ മക്കളെയും കൊച്ചു മക്കളെയും കണ്ടു ഞാന്‍ നില്‍ക്കുമ്പോള്‍ ഞാനറിയുന്നു. അവര്‍ പ്രവാസികളല്ലെന്നു്.

ഒരു പ്രവാസിയുടെ ജന്മ സാഫല്യം.