Tuesday, November 14, 2006

ഇല പറഞ്ഞ കഥ

Buzz It

ഇവിടെ ഞാന്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.

ഞങ്ങളില്‍ ഒരിലയായിരുന്നു ഞാനും.

അന്നൊരു രാത്രിയില്‍ ഒരു വായ്ത്താരി കേട്ടു.
അതമ്മയാണു് ഞങ്ങള്‍ക്കു് പറഞ്ഞു തന്നതു്.
അതിങ്ങനെ ആയിരുന്നു.
രാത്രി.
കുന്നാക്കുന്നിരിട്ടു്.
നടന്നു പോകുന്ന പഥികന്‍.
ഇടവഴിയ്ക്കപ്പുറം ശ്മശാനം.
ശ്മശാനത്തിനും ഇപ്പുറം ഒരു കൊച്ചിടവഴി.
നാട്ടു വെളിച്ചത്തില്‍, കാണാതെ പോയ പഥികന്‍റെ കാലാല്‍‍‍ ചവിട്ടപ്പെട്ട ഒരു തുണ്ടു് എല്ലിന്‍ കഷണം അലറി പറഞ്ഞു.
”ഞാനും ഒരിക്കല്‍ മനുഷ്യനായിരുന്നു.”
അന്നതിന്‍റെ അര്‍ഥം എനിക്കു മനസ്സിലായില്ല.

എന്നെ നോക്കി, മറ്റിലകള്‍ ചിരിക്കാന്‍ തുടങ്ങി. പഴുത്ത ഇലയെ നോക്കി പച്ച ഇല ചിരിക്കുമെന്ന സത്യവും അമ്മയായിരുന്നു എനിക്കു പറഞ്ഞു തന്നിരുന്നതു്.

ഒരു നാള്‍‍ കൊഴിഞ്ഞുവീണ ഞാന്‍ ചുറ്റുപാടും നോക്കി.

എന്നോ ഒരു രാത്രിയില്‍ സ്‍പന്ദിച്ച ആ അസ്ഥിയുടെ ശീല്‍ക്കാരത്തിന്‍റെ അര്‍ഥം ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ഞാന്‍ ഒരു കരിയിലയാകുകയായിരുന്നു.
    follow me on Twitter