Saturday, May 03, 2008

വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.

Buzz It

ജലതരംഗം ഇവിടെ

-------------
പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്
--------------------------
ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട്‌ തിരിഞ്ഞാല്‍‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്‌,

സ്വപ്നച്ചിറകിലെന്നപോലെ‍

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ‌' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട്‌ യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!

" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്‌

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.

അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്‌' വായിച്ച്‌

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍‍ കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.

തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്‍ ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍‍

ഗുണം പിടിക്കില്ല"

കാര്യസ്ഥന്‍ പണിക്കരമ്മാവന്‍‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും

ചെറിയേട്ടന്‍‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്‌ 'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.

കുഞ്ഞിമോള്‍‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്‍പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....

കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.
---------------------------------------

ഭൂമിപുത്രിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,
സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും അവതരിപ്പിക്കുന്നു.
------------------------------------------------

25 comments:

വേണു venu said...

ഒരു എളിയ പരീക്ഷണം.:)

പാമരന്‍ said...

കൊള്ളാം വേണുജി. നല്ല സെലക്ഷനും...

കുറുമാന്‍ said...

നന്നായിരിക്കുന്നു വേണുവേട്ടാ.....

ബഹുവ്രീഹി said...

കൊള്ളാം വേണുഭായ്.. റേകോര്‍ഡിങ് ക്ലാരിറ്റ്യ് ഒന്നു കൂടി ശ്രദ്ധിക്കായിരുന്നു.

ഭൂമിപുത്രി said...

വേണൂ,പാമരന്‍ എന്റെ ബ്ലോഗിലിട്ട കമന്റിലൂടെയാണ്‍
ഞാനിതറിയുന്നതു.
ഭയങ്കര സന്തോഷം തോന്നീയെന്നു പറഞ്ഞാല്‍ അതൊന്നുമാകില്ല..ഒരോറ്മ്മയുടെ തിരപ്പുറത്തേറി പിന്നെയും പുറകിലേയ്ക്കൊഴുകിയതുപോലെ!
വേണ്ടയിടങ്ങളിലൂന്നല്‍കൊടുത്തും മറ്റുമുള്ള ചൊല്ലല്‍ വളരെ ഹൃദ്യമായി എന്നതില്‍കൂടുതലൊന്നും പറയാനൊന്നും എനിയ്ക്കറിയില്ല.
‘ഹരിത’കത്തില്‍ സ്വന്തം കവിത ചൊല്ലി അയയ്ക്കാന്‍ രാമചന്ദ്രന്‍
പറഞ്ഞപ്പോഴൊക്കെ ഒരാത്മവിശ്വാസക്കുറവുകാരണം ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതു ഞാന്‍ അവിടെ കൊടുത്തോട്ടെ?

വേണു venu said...

ഭൂമിപുത്രീ, തീര്‍ച്ചയായും കൊടുക്കാം.
ഞാനന്നു കംന്റ്റിലെഴുതിയിരുന്നില്ലേ.
മായപ്പെട്ടിയുടെ
അനന്തസാദ്ധ്യതകള്ക്ക് ശരിക്കും ഒരു സല്യൂട്ട്.
ഭൂമിപുത്രി ഈ പഴയ കാഴ്ചയില്‍ ഒരു നല്ല കഥ വായിക്കാനാഗ്രഹിക്കുന്നു.:)
February 14, 2008

ഇന്നു ഞാനതു കഥയായി വായിച്ചു.:)

ഹരിയണ്ണന്‍@Hariyannan said...

വേണുവേട്ടാ..
ശബ്ദനിയന്ത്രണത്തിന്റെ സാധ്യതകളെ അങ്ങേയറ്റം ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
എത്ര നന്നായിരിക്കുന്നു.
ഈ കഥചൊല്ലല്‍..ബൂലോകത്ത് ഇത്തരം സരംഭങ്ങള്‍ക്ക് ഒരു ശുഭാരംഭം കുറിക്കട്ടെ!!

ആഗ്നേയ said...

രണ്ട് പേര്‍ക്കും അഭിനന്ദനങ്ങള്‍!
നന്നായിരിക്കുന്നു.:-)

ശ്രീവല്ലഭന്‍. said...

നല്ല കവിതയും, വായനയും. കവിത നേരത്തെ കണ്ടിരുന്നു.
രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍!

ഏറനാടന്‍ said...

വേണുജീ, ഉദ്യമം വിജയകരം തന്നെ. എല്ലാ ആശംസകളും നേരുന്നു. ഇതൊരു പ്രചോദനമാവട്ടെ. ഇനിയും പ്രതീക്ഷിക്കുന്നു ശബ്‌ദരേഖകള്‍.

ചിതല്‍ said...

പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്

ഇത് മുമ്പ് വായിച്ചിരുന്നില്ല.. ഇത് വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍...

G.MANU said...

samgathi super venuji

iniyum poratte ithupole

ഭൂമിപുത്രി said...

വേണൂന്റെ അനുവാദം ചോദിയ്ക്കാതെ ‘വനിതാലോക’ത്തിലെ കവിതാക്ഷരിയില്‍ ഈ കുട്ടിയെക്കൊണ്ടുപോയി ചേറ്ത്തിട്ടുണ്ട്ട്ടൊ.
വിരോധമുണ്ടാവില്ലല്ലോ..
പിന്നെ കഥ-പണ്ട് കഥയെഴുതാന്‍ ശ്രമിച്ച് പരിതാപകരമായി പിന്‍വാങ്ങിയതാണ്‍.
ഈ പശ്ചാതലവും കഥാപാത്രങ്ങളും വേണൂന്‍ കോപ്പീറൈറ്റ് തന്നിരിയ്ക്കുന്നു...
എഴുതിക്കോളു.

എനിയ്ക്കുള്ള നല്ലവാക്കുകളുമിവിടെക്കുറിച്ച എല്ലാറ്ക്കും
നന്ദി,നമസ്ക്കാരം.

സാരംഗി said...

വളരെ ഇഷ്ടപ്പെട്ടു ഈ കവിതയും ചൊല്ലലും. ആശംസകള്‍.

വേണു venu said...

‘വനിതാലോക’ത്തിലെ കവിതാക്ഷരിയില്‍ ഈ കുട്ടിയെക്കൊണ്ടുപോയി ചേറ്ത്തിട്ടുണ്ട്ട്ടൊ.
വിരോധമുണ്ടാവില്ലല്ലോ..“
ഹാഹാ...ഭൂമിപുത്രി,
വിരോധമൊന്നുമില്ല. പക്ഷേ പാസ്സാവുമോ.:)
അവിടെ നടന്ന ഒരു മത്സര പരീക്ഷയുടെ റിസള്‍ട്ടു നോക്കിയിരിക്കുന്ന ഒരു വിജയാകാംക്ഷിയാണു് ഞാന്‍..:)

Unknown said...

വേണുവേട്ടാ അസലായി നല്ല മനോഹരമായിട്ടുണ്ട്
ഭൂമിപുത്രിക്കും അനുമോദനങ്ങള്‍

വേണു venu said...

ശബ്ദ രേഖ കേട്ടഭിപ്രായം എഴുതിയ,
പാമരന്‍,:)
കുറുമാന്‍,:)
ബഹുവ്രീഹി,റെക്കോഡിങിന്‍റെ സാങ്കേതിക വശങ്ങളിലെ അറിവു പരിമിതമാണു് . അടുത്തതില്‍ കുറേ ക്കൂടി ശ്രദ്ധിക്കാം. അഭിപ്രായത്തിനു നന്ദി.:)
ഹരിയണ്ണന്‍, വളരെ സന്തോഷം.:)
ആഗ്നേയാ,:)
ശ്രീവല്ലഭന്‍, :)
ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌), നല്ല വാക്കുകള്‍ പ്രചോദനം നല്‍കുന്നു.:)
ചിതല്‍, :)
ജി.മനു, :)
സാരംഗീ, :)
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍, :)
നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ നല്ല രചനയ്ക്കും, എന്‍റെ വായന ഇഷ്ടപ്പെട്ടു എന്നറിയിച്ചതിലും, ഭൂമിപുത്രിയ്ക്കു് നന്ദിയും ആശംസകളും നേരുന്നു.:)

siva // ശിവ said...

വളരെ നന്നായി....റെക്കോര്‍ഡിങ്ങ് മോണോ ആയിപ്പോയത് അടുത്ത തവണ ശ്രദ്ധിക്കണം....

Kiranz..!! said...

ഇതു കലക്കി വേണുജി..ഇന്നു വരമ്പേല്‍ക്കൂടിയോടൂന്ന ഗുപ്തര്‍‍സ്വാമി പണ്ട് മനുവായി നിക്കറിട്ട് ഞരമ്പേല്‍ക്കൂടി ഓടുമ്പോ അവന്റെ ഒരു കിണ്ണന്‍ കഥ എടുത്ത് ഇതു പോലെ ആകാശവാണിയിലെ യുവവാണിയിലെ ചെറുകഥ പോലെ വായിക്കണമെന്ന് നിരീച്ചിതാര്‍ന്നു..!! ആ‍..ഇതു കണ്ടപ്പോള്‍ അതോര്‍മ്മ വന്നു..നല്ല സംരംഭം..! നുമ്മ പിറകേ ഉണ്ട്..വന്‍ ആശംസകള്‍..!

Kiranz..!! said...

ഭൂമിപുത്രീ.. അഭിനന്ദനങ്ങള്‍..!

ഗുപ്തന്‍ said...

വേണൂവേട്ടാ നന്നായി ഫീല്‍ ചെയ്യുന്ന വായന! ശരിക്കും ഇഷ്‌ടായി

വേണു venu said...

ഭൂമിപുത്രിയുടെ ഇ.മെയില്‍ അറിയാത്തതിനാല്‍ പണിക്കര്‍ സാറയച്ച ഇ.മെയില്‍ ഇവിടെ ഇടുന്നു.
rom panicker Dr.N.S. indiaheritage@yahoo.co.in
to kvenunair@gmail.com,
date Mon, May 5, 2008 at 6:56 AM
subject jalatharamgam



Dear Venujee,

Jalatharamagam was good. Enjoyed. Congrats to both of
you. Sending this since I am unable to comment there.
Pl convey this message to bhoomiputhri also.

With Love and regards
Panicker

ഭൂമിപുത്രി said...

ഇതറിയിച്ചതിന്‍ പ്രത്യേക സന്തോഷം വേണു.
പണിയ്ക്കറ് സാറേ,വലീയ സന്തോഷം നല്ല വാക്കുകള്‍ക്ക്.

വേണു venu said...

അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.:)
ശിവ, ശരിയാണു്. ഞാനതു ശ്രദ്ധിച്ചിരുന്നില്ല. കുതിരവട്ടവും അതു് ഒരു മെയില്‍ എഴുതി എന്നെ അറിയിച്ചിരുന്നു.നന്ദി, ഇനി ശ്രദ്ധിക്കും.:)
Kiranz.., അഭിപ്രായത്തില്‍ നിന്നും ആവേശം ഉള്‍ക്കൊള്ളുന്നു. മനുവിന്‍റെ ആ കഥ ഏതാണു്.?
സന്തോഷവും നന്ദിയും.:)
ഗുപ്തന്‍, ആസ്വാദനം അറിയിച്ചതിനു് വളരെ സന്തോഷം.:)
പണിക്കര്‍ സാറ്‌, തിരക്കിനിടയിലും ശ്രദ്ധിച്ചതിലും അതറിയിച്ചതിലും ഞാന്‍ കൃതാര്‍്ത്ഥന്‍.:)
എല്ലാവര്‍ക്കും കൂപ്പു കൈ.:)

മുസാഫിര്‍ said...

വേണുജി,

ചെറിയ പോരായ്മകളുണ്ടെങ്കിലും ആദ്യപരീക്ഷണം വിജയിച്ചു എന്നു പറയാന്‍ സന്തോഷമുണ്ട്.ഇനിയും പ്രതീക്ഷിക്കുന്നു.

    follow me on Twitter