Thursday, June 19, 2008
വലിയലോകം(കൊലച്ചതി)
അഗ്രിഗേറ്ററുകള്‍ കണ്ണടച്ചതിനാല്‍ വീണ്ടും ലിങ്കു് പോസ്റ്റു ചെയ്യുന്നു.
വലിയലോകം (കൊലച്ചതി)
ഒരു ചെറിയ പൂന്തോട്ടത്തിനുള്ള സ്ഥലം വീടിനു മുന്നിലുള്ളതു് ഒരു മഹാഭാഗ്യമായി കരുതി.
ജീവിതം മനോഹരമെന്നറിയാനും മനോഹരമെന്നു പറയിക്കാനും.ഞാന്‍ പ്രകൃതി ആണെന്നും,പ്രകൃതി ഞാനാണെന്നും ഒക്കെ തോന്നാനും തോന്നിപ്പിക്കുവാനും ഒക്കെ...
ഞങ്ങളുടെ പൂന്തോട്ടത്തിലെ സുന്ദരന്മാരും സുന്ദരികളും.
ചെടികളോടൊപ്പം മലക്കറികളും ഞങ്ങള്‍ നട്ടു വളര്‍ത്തി.ഔഷധ സസ്യങ്ങളും ഒപ്പം വളര്‍ന്നു.
മനോഹരമായ മുറ്റത്തു് പാവല്‍, പടവലം, തുളസി, നിത്യ കല്യാണി, മനോകാമന, ഞവര,അശ്വഗന്ധാ, എന്നു വേണ്ട റോസായും ജമന്തിയും സൂര്യകാന്തിയും ഒക്കെ അവിടെ അണി നിരന്നു.കപ്പയും വാഴയും നട്ടു പിടിപ്പിച്ചു.
എന്തു കൊണ്ടൊരു ഏത്തവാഴ നട്ടു കൂടാ.?ഇവിടെ കിട്ടാത്തതും കാണാനൊക്കാത്തതും.
പച്ചചിങ്ങന്‍ വാഴ നട്ടു വളര്‍ത്തി അതിന്‍റെ കുല അനുഭവിച്ച എന്‍റെ മനസ്സില്‍ ഒരു ചിന്ത കടന്നു പോയി.
അങ്ങനെ കഴിഞ്ഞ ജൂണില്‍ നാട്ടിലെത്തിയ ഞാന്‍ പല ബന്ധുക്കളോടും ഒരു വിത്തിന്‍റെ ആശയം പറഞ്ഞിരുന്നു.
യാത്ര തിരിക്കുന്നതിനു തലേ ദിവസം കാണാന്‍ വന്ന ചില ബന്ധുക്കള്‍ ഏത്തവാഴ വിത്തുമായായിരുന്നു വന്നതൂ്.
ആരേയും പിണക്കാതിരിക്കാന്‍ എല്ലാം വാങ്ങി വയ്ക്കുകയും ഉള്ളതിലേയ്ക്കും രണ്ടു ചെറിയ വിത്തു് വളരെ സയന്‍റിഫിക്കായി പാക്കു ചെയ്യുകയും കാണ്‍പൂരിലെത്തിക്കയും ചെയ്തു.
രണ്ടു വിത്തുകളും ശാസ്ത്രീയമായി നടുകയും ചെയ്തു. പക്ഷേ രണ്ടു വിത്തുകളില്‍ ഒന്നു മാത്രം മണ്ണു പൊട്ടിച്ചു് പുറത്തേയ്ക്കു വന്നു.
മണ്ണുടച്ചു് തല പൊക്കുന്ന രംഗം മുതല്‍ ഞങ്ങള്‍ ക്യാമറായില്‍ പകര്‍ത്തി. ഓരോഘട്ടവും മനസ്സിനു് കുളിരു പകര്‍ന്നു.
ഞായറാഴചകളില്‍ വാഴയുടെ മൂട്ടില്‍ ഒരു കസേര ഇട്ടു് ഞാനെന്‍റെ ഓര്‍മ്മകളുടെ പെരുമഴക്കാലം നുണഞ്ഞു.
ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കുട്ടികള്‍ക്കു് പല പ്രാവശ്യം ചൊല്ലി കൊടുത്തു.
തടിച്ചു നല്ല ഉയരക്കാരനായി വളര്‍ന്നു നിന്നു.8 മാസം കഴിഞ്ഞാലേ കുല വരൂ എന്നും, ഇടണ്ട വളങ്ങള്‍ എന്തോക്കെ ആണെന്നും ഫോണിലൂടെ സമയാ സമയം ചോദിച്ചറിഞ്ഞു.
ആജാന ബാഹുവായി വളര്‍ന്ന അവന്‍റെ ചുറ്റും കൊച്ചു കുഞ്ഞുങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. നാട്ടില്‍ നിന്നും അറിഞ്ഞ ഉപദേശം അനുസരിച്ചു് അവയെ ഒക്കെ ചവിട്ടി ഉടച്ചു.
ഓരോ നാമ്പു വരുമ്പോഴും ഞങ്ങള്‍ പറഞ്ഞു അടുത്തതു് കുലയാണു്. ഇല്ലാ. ഇപ്പോള്‍ കുലയ്ക്കുമെന്നു സ്വയം പറഞ്ഞവന്‍ ഒരു രാജാവായി തല ഉയര്‍ത്തി നില്‍ക്കുകയായിരുന്നു.
കൊലച്ചതി.
26 മെയ് 2008
പതിവുപോലെ ഒരു ദിവസം.
അന്നു് ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓഫീസ്സില്‍ നിന്നും മൂന്നു മണിയോടെ ഞാന് വീട്ടിലെത്തി.
തിളച്ചു മറിയുന്ന ചൂടു കാറ്റു വീശുന്നുണ്ടു്. ഹിന്ദിക്കാര്‍ പറയുന്ന ലൂ.
പെട്ടെന്നായിരുന്നു അന്തരീക്ഷം കറുത്തിരുണ്ടതു്. പൊടിപടലം ഉയര്‍ത്തുന്ന കാറ്റ്, ആംധീ എന്നറിയപ്പെടുന്ന പൊടിക്കാറ്റു്.
അതു പതിവാണു്. കാലാവസ്ഥയെ തണുപ്പിക്കുന്ന ഈ പ്രകൃതിയുടെ വികൃതി സാധാരണക്കാര്‍ക്കൊരനുഗ്രഹമാണു്.
പക്ഷേ അന്നത്തെ കാറ്റങ്ങനെ അല്ലായിരുന്നു. അന്തരീക്ഷം കറുത്തു. ആകാശം മൂടി കെട്ടി. വെളിയില്‍ പെട്ടെന്നു് ഇരുട്ടു്. പൊടിക്കാറ്റിന്‍റെ വേഗത കൂടി. മരങ്ങള്‍ പിഴുതു വീഴുന്ന ശബ്ദം. ജന്നലുകളും കതകുകളും അടച്ചു് വീട്ടിലിരിക്കുമ്പോള്‍ വെളിയിലെ കാറ്റിന്‍റെ താണ്ഡവം കേള്‍ക്കാം.
ഞാന്‍ വെളിയിലിറ്ങ്ങി നോക്കി. പൊടിക്കാറ്റില്‍ കുളിച്ചു നിന്നു ഞാന്‍ .മരങ്ങള്‍ പിഴുതു മറിയുന്ന ശബ്ദം.
എന്‍റെ വാഴ കാറ്റിനെ അതിജീവിക്കാന്‍ ചെയ്യുന്ന ചെറുത്തു നിപ്പു്.
പൊടിയും അപകടവും നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നു് ഞാന്‍ ആ ദൃശ്യങ്ങള്‍ കാണുകയായിരുന്നു.
15 മിനിട്ടിനുള്ളില്‍ കൊടുങ്കാറ്റു കെട്ടടങ്ങി.അപ്പോഴേയ്ക്കും വാഴ നിലം പതിച്ചിരുന്നു.
പിറ്റേ ദിവസം പത്രത്തില്‍ ഭീകരമായ വാര്‍ത്തയും..എന്‍റെ വാഴയുടെ അല്ല. ആ കൊടുങ്കാറ്റു വിതച്ച ഭീകര ദുരന്തങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമായി.
പൊടി പടലങ്ങളില്‍ നിന്നു് ക്യാമറയില്‍ പകര്‍ത്തിയ വീഡിയൊ ഞാനിവിടെ കാഴ്ചവയ്ക്കുന്നു.
പുതു നാമ്പു വരുമെന്നു കരുതി, ഒടിഞ്ഞ ഏത്തവാഴയ്ക്കു് താങ്ങു കൊടുത്തു നിര്‍ത്തിയിട്ടുണ്ടു്.
രണ്ടു വിത്തുകള്‍ ജീവിതത്തിലേയ്ക്കു് നാമ്പുകളുമായി കടന്നു വരുന്നതു കാണുമ്പോള്‍ മനസ്സു് കുളിര്‍ക്കുന്നു.
ഇനിയും വാഴക്കുല എന്ന കവിത ചൊല്ലി കേള്‍പ്പിക്കാനായും, എനിക്കു് ആ കസേരയില്‍ ഇരുന്നു്, ഞായറാഴ്ച ഉച്ചകളേ ഉത്സവങ്ങളാക്കാനുമായി പ്രതീക്ഷയുടെ നാമ്പുകളുമായി വീണ്ടും..
************************************